2012 മേയ് 7, തിങ്കളാഴ്‌ച

ജനായത്തത്തിലെ ധൂര്‍ത്തവിലാപങ്ങള്‍


പ്രിയപ്പെട്ടവരെ  ,

ആദ്യമേ തന്നെ പറയട്ടെ, ഞാന്‍ കാന്തപുരത്തിന്‍റെ അനുയായി അല്ല. എന്ന് മാത്രമല്ല പ്രവാചകന്‍റെ തിരുകേശമെന്ന പേരില്‍ ഒരു മുടിക്കുത്തും കയ്യില്‍ വെച്ച് കൊണ്ട് കാന്തപുരം കാട്ടിക്കൂട്ടുന്ന എല്ലാ പേക്കൂത്തുകള്‍ക്കും ഞാന്‍ എതിരാണ് താനും. പക്ഷെ ചില കാര്യങ്ങള്‍ ഞാന്‍ ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു. കാരണം ആള് കൂടുന്ന അങ്ങാടിയിലല്ലേ തൊള്ലേം വിളീം കൂട്ടീട്ടു കാര്യമുള്ളൂ. അത് കൊണ്ടാണ് എനിക്ക് പറയാനുള്ളത് പറയാന്‍ ഞാന്‍ ബ്ലോഗ്‌  എന്ന മാധ്യമം തന്നെ തെരഞ്ഞെടുത്തത്.

69 ശതമാനത്തോളം ജനങ്ങള്‍ ദാരിദ്ര്യ രേഖക്ക് താഴെ ജീവിക്കുന്ന രാജ്യമാണ് നമ്മുടേത്‌. 'ബിസിനസ്‌ ടുഡേ' വാരികയുടെ ഏപ്രില്‍ 2012 ലക്കത്തില്‍ പറയുന്ന ഒരു കണക്ക് പ്രകാരം ഇന്ത്യയില്‍ വൈദ്യുതി കണക്ഷനുള്ള വീടുകള്‍ വെറും 67.3 % ആണ്. 31 .4 % വീടുകളില്‍ മണ്ണെണ്ണ വിളക്കിന്‍റെ പ്രകാശമാണ് ശരണം. ബാക്കി വീടുകളില്‍ വെളിച്ചമെയില്ല. ടോയലെറ്റ് സൌകര്യമുള്ള വീടുകള്‍ വെറും 46 .9 % മാത്രമാണ്.  മതിയായ ജലസേചന സൌകര്യമുള്ള വീടുകള്‍ വെറും 65%. ഇന്ത്യന്‍ ജനസംഖ്യയില്‍ 44.8% ആളുകള്‍ ഇപ്പോഴും സൈക്കിളിലാണ് യാത്ര ചെയ്യുന്നത്. 59% ആളുകള്‍ക്ക് മാത്രമേ ബാങ്ക് അക്കൗണ്ട്‌ ഉള്ളൂ. തമിഴ് നടന്‍ വിജയകാന്തിന്‍റെ ശൈലിയില്‍ ഇത്രയും statistics ഇവിടെ നിരത്തിയത് വെറുതെ ഷോ കാണിക്കാന്‍ വേണ്ടിയല്ല. മറിച്ച് വിഷയത്തിലേക്ക് കടക്കുന്നതിന് മുമ്പ്  നമ്മുടെ നാടിന്‍റെ ശരിയായ അവസ്ഥ ഒന്ന് ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ്. ഇനിയും കുറെ കണക്കുകള്‍ പറയാനുണ്ട്. പക്ഷെ ടൈപ്പ് ചെയ്യാനുള്ള മടി കൊണ്ട് മാത്രം ഞാനതിന് മുതിരുന്നില്ല.

ഇത്രയും ദരിദ്ര നാരയണന്മാരധിവസിക്കുന്ന നമ്മുടെ ഇന്ത്യാ മഹാരാജ്യത്ത് 40 കോടി രൂപ വില മതിക്കുന്ന ഒരു പള്ളിയുടെ (അത് എന്ത് കുന്തം സൂക്ഷിക്കാന്‍ വേണ്ടിയുള്ളതുമാകട്ടെ) പ്രസക്തിയെന്ത് എന്നുള്ളതാണ് ഇവിടുത്തെ ചോദ്യം.

പട്ടിണി മൂലവും രോഗം പിടിപെട്ടും എത്രയോ ആളുകള്‍ മരിക്കുന്നു. കര്‍ഷക ആത്മഹത്യയുടെ വാര്‍ത്തകള്‍ നാള്‍ക്കുനാള്‍ പെരുകി വരുന്നു (ഇതിന്‍റെ പ്രാധാന്യം കുറഞ്ഞ് കുറഞ്ഞ് ഇപ്പോള്‍ ചരമപ്പേജിലെ ചെറിയ പെട്ടിക്കുള്ളിലായി സ്ഥാനം). റോഡുകളുടെ അവസ്ഥ അനുദിനം ശോച്ചനീയമായിക്കൊണ്ടിരിക്കുന്നു. തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ എണ്ണവും ദിനം പ്രതി പുതിയ കണക്കുകളിലേക്ക് promotion നേടി പോകുന്നു. നമ്മുടെ പൊതു വിദ്ധ്യാലയങ്ങളുടെയും ആശുപത്രികളുടെയും അവസ്ഥയെന്താണ്? ഇങ്ങനെ കഷ്ടപ്പാടിന്‍റെ കെട്ടുകണക്കുകള്‍ മാത്രം എന്നിപ്പറയാനുള്ള ഒരു ജനതയ്ക്ക് 40 കോടിയുടെ പ്രാര്‍ത്ഥനാ സമുച്ചയം കൊണ്ട് കൈവരാവുന്ന സാഫല്യത്തിന്‍റെ അളവ് കോലെന്താണ്?

ആ 40 കോടി വേറെ എന്തെങ്കിലും നല്ല കാര്യങ്ങള്‍ക്ക് വേണ്ടി പ്രയോജനപ്പെടുത്തിക്കൂടെ? സമൂഹത്തിലെ താഴെക്കിടയിലുള്ള ജനങ്ങളെ സഹായിക്കാനോ, കടബാധ്യത മൂലം കഷ്ടപ്പെടുന്ന കര്‍ഷകര്‍ക്കൊരു കൈത്താങ്ങ് കൊടുക്കാനോ, റോഡുകളും പൊതുവഴികളും പാലങ്ങളും നേരെയാക്കി ജനങ്ങളുടെ യാത്രാക്ലേശം കുറയ്ക്കാനോ, നാടിനുപകാരപ്പെടുന്ന എന്തെങ്കിലും വ്യവസായ സ്ഥാപനം തുടങ്ങി തൊഴിലില്ലാത്ത കുറെ ചെറുപ്പക്കാര്‍ക്ക് ജോലി നല്‍കാനോ, സര്‍ക്കാര്‍ വിദ്ധ്യാലയങ്ങളുടെയും ആശുപത്രികളുടെയും നില മെച്ചപ്പെടുത്താനോ.... അങ്ങനെയെന്തിനെങ്കിലും... ജനങ്ങളില്‍ നിന്ന് കാശു പിരിച്ചിട്ടാനത്രേ കാന്തപുരം ഈ ആഡംബരപ്പള്ളി പണിയാന്‍ പോകുന്നത്. ഒരു നേരത്തെ ആഹാരത്തിനു ഗതി കേട്ട വല്ലവനും പത്തു രൂപ കടം ചോദിച്ചാല്‍ അഞ്ചു നയാ പൈസ പോലും കൊടുക്കാന്‍  തയ്യാറാവാത്ത നമ്മുടെ ജനങ്ങള്‍ ഒരു ഗുണവുമില്ലാത്ത ഒരു ആഡംബര കെട്ടിടത്തിന് 40 കോടി സംഭാവന കൊടുക്കാന്‍ തയ്യാറാണെന്നതു  തീര്‍ത്തും വിസ്മയകരമാണ്. 

അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ചുണ്ണുന്നവന്‍ എന്‍റെ സമുദായത്തില്‍ പെട്ടവനല്ല എന്ന് പറഞ്ഞ മുഹമ്മദ്‌ നബിയുടെ പിന്മുറക്കാരാണ് മുസ്ലിങ്ങള്‍. അവരുടെ സാരധികളിലൊരാളാണ് കാന്തപുരം. തികഞ്ഞ പണ്ഡിതന്‍. വാഗ്മി.. അങ്ങനെ പലതുമാണദ്ധേഹം... ആ അറിവോട് കൂടിത്തന്നെ  ഞാന്‍ ചോദിക്കുകയാണ്. അല്ലയോ മഹാനായ കാന്തപുരം സാഹിബ്,  ഒരു ഹജ്ജ് ചെയ്യണമെങ്കില്‍ പോലും ആദ്യം തനിക്കു ചുറ്റും പട്ടിണിയും വറുതിയുമില്ലെന്ന്   ഉറപ്പുവരുത്തിയിട്ടാകണമെന്ന് നിഷ്കര്‍ഷിക്കുന്ന ഒരു മതമാണ്  ഇസ്ലാം. അത് താങ്കള്‍ക്കു അറിയാതിരിക്കാന്‍ വഴിയില്ല. അങ്ങനെയിരിക്കെ ദാരിദ്ര്യത്തിന്‍റെ  വറചട്ടിയില്‍ വേവുന്ന ഒരു ജനതയ്ക്ക് ഒരു അംബരചുംബിയായ ആരാധനാലയം കൊണ്ട് എന്ത് പ്രയോജനം ഉണ്ടെന്ന് താങ്കള്‍ ചിന്തിച്ചിട്ടുണ്ടോ?

ഒരു വലിയ വിഭാഗം ജനങ്ങള്‍ ഓരോ ദിവസവും ജീവിച്ചു തീര്‍ക്കാന്‍ ഗതിമുട്ടിക്കൊണ്ടിരിക്കുന്ന ഈ നാട്ടില്‍ ഇതൊരു പാഴ് ചെലവു തന്നെയാണ്. അന്യരുടെ കണ്ണീരിനും കഷ്ടപ്പാടിനും മീതെ കെട്ടിപ്പൊക്കാന്‍ പോകുന്ന ഈ മഹാസൌധം തീര്‍ച്ചയായും ഒരു അലങ്കാരമല്ല, മറിച്ച്  അഹങ്കാരത്തിന്‍റെ മറുവാക്ക് തന്നെയാണ്. അതിന് ആത്മീയതയുടെ കോപ്പും കോലവും വെച്ച് കെട്ടിയാലും അതിന്‍റെ പിന്നിലെ അര്‍ത്ഥ ജടിലമായ ആര്‍ഭാടത്തിന്‍റെ  മുഴപ്പ് പുറത്തേക്കു എറിച്ചു നില്‍ക്കുക തന്നെ ചെയ്യും. ഈയുള്ളവനും വിശ്വസിച്ചു പോരുന്ന മതത്തിന്‍റെ ഇലാഹ് ഒരിക്കലും ഇതിനെ പവിത്രമാക്കില്ല. ഇനി കാന്തപുരത്തിന്‍റെ കയ്യില്ലുള്ളത് ഒറിജിനല്‍ മുഹമ്മദ്‌ നബിയുടെ തിരുകേശമാണെങ്കില്‍ പോലും അത് സൂക്ഷിക്കാന്‍ 40 കോടിയുടെ പള്ളിക്കെട്ടിടമെന്നത്  പടച്ചവന്‍ പോലും പൊറുക്കാത്ത ദുഷ്ശാട്യം തന്നെയാണ്.

ഇതെല്ലം പലപ്പോഴായി പലരും പറഞ്ഞു കഴിഞ്ഞതാണ്. പക്ഷെ ഞാന്‍ ചോദിക്കുന്നത് ഈ കണക്കെടുപ്പുകളും എതിര്‍പ്പുകളുമൊക്കെ   കാന്തപുരത്തിന്റെ നേര്‍ക്ക്‌ മാത്രം മതിയോ?

കഴിഞ്ഞ മാസം ഇന്ത്യ കൊട്ടിഘോഷിച്ചു പറത്തിവിട്ട 'അഗ്നി 5' എന്ന മിസൈലിനായി ചെലവിട്ടത് 50 കോടിയാണ്. അത് പോലെ വിജയിച്ചതും മൂക്ക് കുത്തി വീണതുമായ പല ശൂന്യാകാശ പരീക്ഷണങ്ങള്‍ക്കുമായി കോടികളാണ് നമ്മുടെ രാജ്യം ചെലവിടുന്നത്. നമ്മുടെ വാര്‍ഷിക ബജറ്റുകളില്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് വകയിരുത്തുന്നതില്‍ എത്രയോ കൂടുതലാണ് ആയുധം വാങ്ങുന്നതിലെക്കായി ചെലവഴിക്കപ്പെടുന്നത്‌ (അതിനിടക്ക് ബോഫോര്‍സ്  പോലുള്ള വെട്ടിപ്പുകള്‍ വേറെ).  ഇവിടെ ഭക്ഷണം പോലും കിട്ടാതെ വലിയൊരു വിഭാഗം ആളുകള്‍ കഷ്ടപ്പെടുമ്പോള്‍ കോടികള്‍ കത്തിച്ച് അണുപരീക്ഷണം നടത്തുന്നതും  ആയുധം വാങ്ങിക്കൂട്ടുന്നതും ആരെ കാണിക്കാനാണ്. ഒഴിഞ്ഞ വയറിനെ പട്ടു വസ്ത്രം കൊണ്ട് മറക്കുന്നത് പോലെ അര്‍ത്ഥ ശൂന്യമാണത്. കാന്തപുരം ആറ്റില്‍ കളയാന്‍ പോകുന്ന 40 കോടിക്കും എത്രയോ മുകളിലാണ് കേന്ദ്ര സര്‍ക്കാര്‍ ദുര്‍വിനിയോഗം ചെയ്യുന്ന പണത്തിന്‍റെ തോത്. അത് ആര് ഭരിച്ചാലും അങ്ങനെ തന്നെ...

പക്ഷെ ഇതിനെതിരെയൊന്നും പ്രതികരിക്കാന്‍ ആരുമില്ല. കാന്തപുരത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വാചാടോപം നടത്തുമ്പോള്‍ ഇടയ്ക്കു ചിന്തകള്‍ക്ക് ചില വിശാല മാനങ്ങള്‍ നല്‍കിയാല്‍ ധൂര്‍ത്തുകളൊന്നും  തന്നെ 40 കോടിയിലൊതുങ്ങുന്നില്ല  എന്ന് മനസ്സിലാക്കാന്‍ കഴിയും.

കൂടുതല്‍ ചിന്തിക്കാനും കൂടുതല്‍ ആര്‍ജവത്തോടെ പ്രവര്‍ത്തിക്കാനും നമുക്ക് കഴിയുമാറാകട്ടെ...

5 അഭിപ്രായങ്ങൾ:

  1. ഭായി, നിങ്ങള്‍ ഇവിടത്തെ എം.ബി.എ യും ഇകനോമിക്സുമാണ് പഠിച്ചത്. രാഷ്ട്രീയമായാലും ആത്മീയതയയാലും എല്ലാം ബിസിനസ്. അത് ആദ്യം മനസ്സിലാക്കൂ. എഴുതിയത് നന്നായിട്ടോ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അത് തന്നെയാണ് സുഹൃത്തെ എന്‍റെയും സങ്കടം. നമ്മളിവിടെ mba യും economics ഉം ഒക്കെ പഠിച്ചിട്ടു മുക്കാച്ചക്രത്തിനു നായ് ഞരക്കം ഞരങ്ങുന്നു. അപ്പോളിതാ ഇവിടെ കുറേപ്പേര്‍ പടച്ചോന്‍റെ പേരും പറഞ്ഞു കോടികളുണ്ടാക്കുന്നു.

      ചങ്ങാതി, എല്ലാ വലിയ പഠിപ്പുകളും കോഴ്സുകളും സര്‍റ്റിഫിക്കറ്റുകളും സമൂഹ നന്മക്കു വേണ്ടിയുള്ളതാണ്. അത് മനസ്സിലാക്കി നമ്മള്‍ കുറച്ചു പേരെങ്കിലും ഇത്തരം സമുദായ ചൂഷണങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാം. കഴിയുമെങ്കില്‍ പ്രതികരിക്കാം.

      ഇല്ലാതാക്കൂ
  2. സാമാന്യം നല്ല ഒരു പള്ളി 1കോടിക്കു ഉണ്ടാക്കാം എന്നതിനാലാണ് ഒരു പള്ളിക്കു 40കോടി എന്നതു ധൂര്‍ത്താകുന്നതു. അതിനെ പ്രതിരോധബജറ്റുമായി കൂട്ടിയിണക്കിയതു ശരിയായില്ല. 50 കോടിചെലവഴിച്ചു നാം നേടുന്നതു വെറുമൊരു മിസൈലല്ല. ഒരു സാങ്കേതിക വിദ്യയാണ്. അതുവഴി നാം കയറുന്നതു ലക്ഷ്യങ്ങളിലേക്കുള്ള ഒരു ചവിട്ടുപടിയാണ്. ഒരു രാജ്യത്തിന്റെ 100കോടിയില്പരം ജനതയുടെ സുരക്ഷകൂടിയുണ്ട് ആ ലക്ഷ്യത്തില്‍. കടലില്‍ പതിച്ചുപോയ അനേകം റോക്കറ്റുകളും മിസൈലുകളും നമുക്കു തന്ന അറിവുകള്‍ പാഴാക്കാതിരുന്നതിനാലാണ് ഒടുവില്‍ നാം വിജയം കാണുന്നതു. അന്‍പതോ അഞ്ഞൂറോ കോടി ചിലവഴിച്ചു നാം ചില സാങ്കേതിക വിദ്യകള്‍ നേടുമ്പോള്‍ ഒഴിവാകുന്നതു യുദ്ധങ്ങള്‍ തന്നെയാണ്. ആയുധങ്ങള്‍ ഇല്ലാത്ത രാജ്യങ്ങള്‍ അക്രമിക്കപ്പെടുന്നതു നാം കണ്ടു കൊണ്ടിരിക്കുന്നു. യുദ്ധങ്ങള്‍ ഒഴിവാകുന്നതു പരോക്ഷമായി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം തന്നെയാണ് എന്ന കാഴ്ചപ്പാടാണെനിക്കുള്ളതു. യുദ്ധത്തിന്റേയും കലാപത്തിന്റെയും അസ്വസ്തതകള്‍ ഒരു പരിധിവരെ അകന്നു നില്‍ക്കുന്ന കേരളമെന്ന നമ്മുടെ സംസ്ഥാനത്തിന്റെ ഉയര്‍ച്ച അവയ്ക്ക് ഒരുദാഹരണമാണ്. സമ്പാദിക്കുന്നതു നഷ്ടപ്പെടാതിരിക്കലാണ് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലേക്കുള്ള ഒരു വഴി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സുഹൃത്തേ,

      'മുഖം' നോവലിന്‍റെ 2ആം അദ്ധ്യായം ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ?

      നോവല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: http://www.najeemudeenkp.blogspot.in/2012/05/2_09.html

      ഇല്ലാതാക്കൂ