2012 ഏപ്രിൽ 20, വെള്ളിയാഴ്‌ച

ഞങ്ങള് പുതിയാപ്ലന്‍റെ ആള്‍ക്കാരാ...

2012 ഏപ്രില്‍ 14 , വിഷു ദിനം.
സമയം വൈകുന്നേരം  5 .30 

വീടിനു മുന്നില്‍ ഒരു ചെറിയ ബഹളം കേട്ട് ഞാന്‍ പുറത്തിറങ്ങി നോക്കി. റോഡില്‍ എന്തോ പ്രശ്നം നടക്കുന്നു. വാഹനങ്ങള്‍ നിരന്നു നില്‍ക്കുന്നു. ചില ഡ്രൈവര്‍മാര്‍ അക്ഷമയോടെ ഹോറന്‍ മുഴക്കുന്നുണ്ട്‌.

സംഗതി ഇതാണ്...

എന്‍റെ വീടിനു  കുറച്ചു പുറകിലുള്ള ഒരു  വീട്ടിലെ പയ്യന്‍റെ കല്യാണമാണ് അന്ന്. വരനും കുടുംബാംഗങ്ങളും വധുവിനെ കൂട്ടി വരികയാണ്. അപ്പോള്‍ വരന്‍റെ ചില ചങ്ങാതിമാര്‍ അവരെ വഴിയില്‍ തടഞ്ഞ്, ഇനിയങ്ങോട്ട് വീട് വരെ വരനും വധുവും ഇറങ്ങി നടക്കണമെന്നും വഴി നീളെ പടക്കം പൊട്ടിച്ച് ആഘോഷിക്കണമെന്നും പറഞ്ഞു.

പക്ഷെ വരനും വധുവും തങ്ങള്‍ക്ക് അതിന് താല്പര്യമില്ലെന്ന് അറിയിച്ചു. പറഞ്ഞതനുസരിക്കാതെ അവരെ കടന്നു പോകാന്‍ അനുവദിക്കില്ലെന്ന് ചങ്ങാതിമാരും. വാഹനങ്ങള്‍ കടന്നു പോകാത്ത വിധത്തില്‍ അവര്‍ റോഡില്‍ ബൈക്കുകള്‍ നിരത്തിയിട്ട് വഴി തടയുകയും ചെയ്തു.

അതായിരുന്നു പ്രശ്നം. 

ഒടുവില്‍ വരന്‍റെയും വധുവിന്‍റെയും ബന്ധുക്കള്‍ ഇടപെട്ട് ചെറുപ്പക്കാരോട് വഴി മാറിത്തരാന്‍ ആവശ്യപ്പെട്ടു. പക്ഷെ ചെറുപ്പക്കാര്‍ വഴങ്ങിയില്ല. 

നേരം ഇരുട്ടിക്കൊണ്ടിരിക്കുന്നു. വധുവിന്‍റെ കൂട്ടര്‍ കുറെ ദൂരെ നിന്നാണ് വരുന്നത്. വധുവിനെ ഭര്‍തൃഗൃഹത്തിലാക്കിയിട്ടു വേണം അവര്‍ക്കെല്ലാം തിരിച്ചു പോകാന്‍. പക്ഷെ എന്തെല്ലാം പറഞ്ഞിട്ടും ചെറുപ്പക്കാര്‍ വഴി മാറാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ വാക്കേറ്റമായി, ബലപ്രയോഗമായി, പിന്നെ അടിപിടിയായി. പുതുമണവാട്ടി കാണ്‍കെ വരന്‍റെ കവിളത്തും പൊട്ടി ഒരടി...

കുറെ കൂട്ടുകാര്‍ ചേര്‍ന്ന് ഒരു കൂട്ടുകാരന്‍റെ കല്യാണം 'ഭംഗി'യാക്കിയതാണ്  നാം ഇവിടെ കണ്ടത്.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. മിക്കവാറും എല്ലാ കല്യാണവീടുകളിലും കാണാം ഇത് പോലെ കുറെ പേക്കൂത്തുകള്‍... വരന്‍റെ കൂട്ടുകാരെന്നു അവകാശപ്പെട്ട് ഒച്ചയും ബഹളവും കൂക്കിവിളിയുമായി കാടിളക്കി വരുന്ന സംസ്കാരവും സാമൂഹ്യബോധവുമില്ലാത്ത കുറെ ചെറുപ്പക്കാരുടെ തലതെറിപ്പുകള്‍...

അവരുടെ കാഴ്ചപ്പാടില്‍ വധുവും കൂട്ടരുമെല്ലാം വെറും നോക്കുകുത്തികള്‍ മാത്രമാണ്. ആരും അവരെ തടയാനോ ചോദ്യം ചെയ്യാനോ പാടില്ല. അവര്‍ ചെയ്യുന്നതെന്തും വായടക്കി സഹിച്ചു കൊള്ളണം. പ്രായമായവരെയും കാരണവന്മാരെയുമൊന്നും ഇവര്‍ക്ക് യാതൊരു വിലയുമില്ല. ചോദിച്ചാല്‍ പറയും - ഞങ്ങള് പുതിയാപ്ലന്‍റെ ആള്‍ക്കാരാ...

ദിവസങ്ങള്‍ക്കു മുന്‍പ് വായിച്ച ഒരു പത്ര വാര്‍ത്തയുടെ ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ല. കോഴിക്കോട് മുക്കത്തിനടുത്താണ് സംഭവം. മേല്‍ പറഞ്ഞത് പോലെ വരനും കുടുംബാംഗങ്ങളും വധുവിനെ കൂട്ടി വരികയാണ്. അപ്പോള്‍ വരന്‍റെ ചില ചങ്ങാതിമാര്‍ അവരെ വഴിയില്‍ തടഞ്ഞ്, ഇനിയങ്ങോട്ട് വീട് വരെ വരനും വധുവും ഇറങ്ങി നടക്കണമെന്ന് ആവശ്യപ്പെടുന്നു. അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി വരനും വധുവും മറ്റും ഇറങ്ങി നടന്നു. അപ്പോള്‍ സ്ത്രീകളും കുട്ടികളും പ്രായമുള്ളവരുമടങ്ങുന്ന ആ  കൂട്ടത്തിലേക്ക് ചിലര്‍ ഒരു വെട്ടുപോത്തിനെ കയറൂരി വിട്ടു. ആളുകള്‍ ഭയചകിതരായി നാലുപാടും ചിതറിയോടുന്നത് കണ്‍കുളിര്‍ക്കെ കണ്ടവര്‍ സായൂജ്യമടഞ്ഞു.

ഇതിനെ ഒരു തമാശയായി കാണാമോ? ഇതാണോ തമാശ? 

പോത്തിനെ കണ്ടു ഭയന്നോടിയവരില്‍ ആരെങ്കിലും താഴെ വീണു കയ്യോ കാലോ ഒടിഞ്ഞാല്‍ ആര് സമാധാനം പറയും? പോത്തിന്‍റെ കുത്ത് കൊണ്ട് ആര്‍ക്കെങ്കിലും ജീവഹാനി സംഭവിച്ചിരുന്നെങ്കില്‍...

ഇതാണോ തമാശ?

ഈയിടെ സ്ത്രീകളും കുട്ടികളും പ്രായമുള്ളവരുമടക്കം ആളുകള്‍ തിങ്ങിക്കൂടി നില്‍ക്കെ കല്യാണ മണ്ഡപത്തിനകത്തു വെച്ച് വരന്‍റെ കൂടെ വന്നവര്‍ പടക്കം പൊട്ടിച്ചതിനെത്തുടര്‍ന്ന് വധുവിന്‍റെ വീട്ടുകാര്‍ ആ കല്യാണം തന്നെ ബഹിഷ്കരിച്ചതായി  ഒരു  വാര്‍ത്തയും കേള്‍ക്കാനിടയായി.

മറ്റൊരിടത്ത് വധൂ-വരന്മാരുടെ വാഹനം കുറെ ചെറുപ്പക്കാര്‍ തടഞ്ഞു നിര്‍ത്തി തുടര്‍ന്നങ്ങോട്ട് തങ്ങള്‍ സജ്ജമാക്കിയ വാഹനത്തില്‍ വേണം വധൂ-വരന്മാര്‍ യാത്ര ചെയ്യാനെന്നു നിര്‍ബന്ധം പറഞ്ഞു. അവര്‍ പറഞ്ഞ വാഹനമെന്തെന്നല്ലേ? നാല് പുറവും ഒഴിഞ്ഞ മദ്യക്കുപ്പികള്‍ തൂക്കി അലങ്കരിച്ച ഒരു ആപേ ഓട്ടോ റിക്ഷയായിരുന്നു അത്. ആരുടേയും എതിര്‍പ്പുകളെ വക വെക്കാതെ അവര്‍ വധൂ-വരന്മാരെ അതില്‍ കയറ്റി ഊര്‍വലം വെപ്പിക്കുകയും ചെയ്തു.

വേറൊരു സ്ഥലത്ത് വധൂ-വരന്മാരെ സ്വീകരിക്കാന്‍ സുഹൃത്തുക്കള്‍ തയ്യാറാക്കിയ വാഹനം വളരെ വളരെ വ്യത്യസ്തമായിരുന്നു. പൂ കൊണ്ടലങ്കരിച്ച രണ്ടു അര്‍ബാനകള്‍...!

ഒരിടത്ത് വരന്‍ വധൂഗൃഹത്തിലേക്ക് എഴുന്നള്ളിയത് ഒരു ജെ.സി.ബി യിലാണ്‌. അതും മണ്മറഞ്ഞു പോയ അനശ്വരനടന്‍ ജയന്‍റെ വേഷത്തില്‍...

ഇതിനെയൊക്കെ എന്ത് പേര് വിളിക്കണം? തമാശയെന്നോ? കോപ്രായമേന്നോ? തോന്ന്യാസമെന്നോ? അതോ തെമ്മാടിത്തരമെന്നോ?

തമാശകള്‍ സ്വയം ആനന്ദിക്കുവാനും മറ്റുള്ളവരെ സന്തോഷിപ്പിക്കുവാനും വേണ്ടിയുള്ളതാവണം. അത് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുവാനും മാനസികമായി മുറിപ്പെടുത്താനും വേണ്ടിയാവരുത്. നമ്മള്‍ ചെയ്യുന്ന പ്രവൃത്തികള്‍ നമുക്ക് മാത്രം ആനന്ദമുളവാക്കുന്നവയാവരുത്. അങ്ങനെയായാല്‍ അതിന്‍റെ പേര് സാഡിസം (sadism) എന്നാണ്. നാം ചെയ്യുന്നത് മറ്റുള്ളവര്‍ക്ക് കൂടി ഗുണകരവും സന്തോഷപ്രദവുമായിരിക്കണം.
അവനവനാത്മസുഖത്തിനാചരിക്കുന്നവ
അപരന്നുസുഖത്തിനായി വരേണം
എന്നാണു ശ്രീ നാരായണ ഗുരു പറഞ്ഞിട്ടുള്ളത്.

അല്‍പ നേരത്തെ സന്തോഷത്തിനു വേണ്ടി ഒരു കുടുംബത്തിന്‍റെ മുഴുവന്‍ സന്തോഷം എന്നെന്നേക്കുമായി തല്ലിക്കെടുത്തുന്നത് ന്യായമാണോ? വിവാഹം ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ചടങ്ങാണ്. അത് ആരുടേയും ജീവിതത്തിലെ അവിസ്മരണീയമായ ഒരു ശുഭ മുഹൂര്‍ത്തമാണ്. അതിനെ ഇത്തരം തരം താണ പ്രവൃത്തികള്‍ കൊണ്ട് ഒരു ദുരന്ത സ്മരണയാക്കേണ്ടതുണ്ടോ?

ഇതിനെതിരായുള്ള പ്രതികരണങ്ങളും ശക്തി പ്രാപിച്ചു വരുന്നുണ്ട്. ഈയിടെ തിരൂരിനടുത്തുള്ള ആലിങ്ങലില്‍ നിന്ന് വന്ന വരന്‍റെ സ്നേഹിതന്മാരുടെ പരാക്രമം സഹിക്കാന്‍ വയ്യാതായപ്പോള്‍ പുതുപ്പള്ളിക്കാരായ വധുവിന്‍റെ വീട്ടുകാരും നാട്ടുകാരും അവരെ തടഞ്ഞു വെച്ചു. വധുവിനെ വരനോടൊപ്പം പറഞ്ഞയക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല, വരനെയും തടഞ്ഞു വെച്ചു. ഒടുവില്‍ പോലീസും പള്ളിക്കമ്മിറ്റിയുമൊക്കെ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.

ഇങ്ങനെ കുബുദ്ധികളായ കുറച്ചു പേര്‍ കാടിക്കൂട്ടുന്ന അപഹാസ്യകരമായ കളിതമാശകള്‍ കുടുംബങ്ങള്‍ തമ്മിലുള്ള, നാടുകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളിലേക്ക് വരെ വഴി തെളിക്കുന്നു. 

ഇതിനായി മാത്രം കല്യാണത്തിന് വരുന്ന കുറച്ചു ചെറുപ്പക്കാരുണ്ട്. അവരുടെ അക്രമങ്ങള്‍ക്ക് വിധേയരാകുന്നവര്‍ പിന്നീട് അവരുടെ കല്യാണത്തിനായി കാത്തിരിക്കുന്നു. പൂര്‍വാധികം ശക്തിയോടെ പ്രതികാരം ചെയ്യാന്‍...  കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നാണല്ലോ ചൊല്ല്? അങ്ങനെ ഇതൊരു തുടര്‍ക്കഥയാകുന്നു.

പട്ടാമ്പിയില്‍ ഒരു കല്യാണ വീട്ടില്‍ വധൂ-വരന്മാര്‍  പ്രതീക്ഷകളോടെ മണിയറയില്‍ കയറിയപ്പോഴുണ്ട് അവിടെ വരന്‍റെ മൂന്നു ചങ്ങാതിമാര്‍ ഇരിക്കുന്നു. അവര്‍ പുറത്തിറങ്ങിങ്ങിത്തരാന്‍ അവര്‍ക്ക് പണം കൊടുക്കണം പോലും. സംഖ്യ കേട്ട് ഞെട്ടരുത്. വെറും ഇരുപത്തയ്യായിരം രൂപ. ബന്ധുക്കളൊക്കെ കാലു പിടിച്ചപേക്ഷിച്ചിട്ടും  കാശ് കിട്ടാതെ അവര്‍ മുറി വിട്ട് പുറത്തിറങ്ങാന്‍ തയ്യാറായില്ല. ഒടുവില്‍ പതിനയ്യായിരം കൊടുത്ത് അര്‍ദ്ധ രാത്രിയോടെ ബാധയോഴിപ്പിച്ചു.

ഇതിന് ഒരു കടിഞ്ഞാണിടെണ്ടത്‌ വളരെ അത്യാവശ്യമാണ്. യുവാക്കള്‍ക്കിടയില്‍ ഇതിനെതിരായി ശക്തമായ ബോധവത്കരണം വേണം. ഇതിന് മാതാപിതാക്കളും  മതസംഘടനകളും  മുന്‍കൈയെടുക്കണം. തമാശയേ ത് കാര്യമേതെന്ന് അവരെ പറഞ്ഞു മനസ്സിലാക്കണം. മനസ്സാക്ഷിയുള്ളവരാരും ഇത് ചെയ്യില്ല. ഇതിനെതിരെ സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണം.

ഇനിയെങ്കിലും ഇതൊന്നും ആവര്‍ത്തിക്കാതിരിക്കാന്‍ നാം ശ്രദ്ധിക്കണം. 

ഒരു പെണ്‍കുട്ടി ഏറ്റവും കൂടുതല്‍ മാനസിക സംഘര്‍ഷങ്ങളനുഭവിക്കുന്ന സമയമാണ് വിവാഹവും അതിനോടനുബന്ധിച്ചുള്ള ദിവസങ്ങളും. വിവാഹത്തലേന്നു തൊട്ടു പലപല വേഷങ്ങള്‍ മാറിയും, വിരുന്നുകാരെ സ്വീകരിച്ചും, മുതിര്‍ന്നവരുടെ കാലില്‍ വീണനുഗ്രഹം  വാങ്ങിയും, ഇരുന്നും എഴുന്നേറ്റും നടന്നും തളര്‍ന്നും (ശരിക്ക് ഭക്ഷണം പോലും കഴിക്കാന്‍ കഴിയാതെ) ഒടുവില്‍ പിറന്ന വീടിനെയും വീട്ടുകാരെയും വേണ്ടപ്പെട്ടവരെയുമൊക്കെ വിട്ട് ഭര്‍തൃഗൃഹത്തിലേക്ക് വരുമ്പോള്‍ അവര്‍ക്ക് കിട്ടുന്ന സ്വീകരണം ഇങ്ങനെയാണെങ്കില്‍ എന്തായിരിക്കും അവരുടെ മാനസികാവസ്ഥ?

നമ്മുടെ സ്വന്തം സഹോദരിയുടെ സ്ഥാനത്ത് നിര്‍ത്തി അതൊന്നാലോചിച്ചു  നോക്കൂ.       

ഞങ്ങള് പുതിയാപ്ലന്‍റെ ആള്‍ക്കാരാ... എന്ന് വീമ്പ് പറഞ്ഞാല്‍ മാത്രം പോരാ. ആ  പുതിയാപ്ലന്‍റെ കല്യാണം അലങ്കോലപ്പെടുത്താതിരിക്കാനും നാം ശ്രദ്ധിക്കണം...

6 അഭിപ്രായങ്ങൾ:

  1. നല്ല പോസ്റ്റ്‌. അഭിനന്ദനങ്ങള്‍ .....
    അവനവനാത്മസുഖത്തിനായാചരിക്കുന്നവ
    അപരന്നുസുഖത്തിനായ് വരേണം എന്നല്ലേ?
    ശ്രീനാരായണഗുരുവിന്റെ വരികളാണ് .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അഭിനന്ദനങ്ങള്‍ക്ക് അകമഴിഞ്ഞ നന്ദി...

      തെറ്റ് ശ്രദ്ധയില്‍ പെടുത്തിയതിന് നന്ദി...

      എനിക്കും ആദ്യമേ സംശയമുണ്ടായിരുന്നു.

      പോസ്റ്റില്‍ തെറ്റ് തിരുത്തിയിട്ടുണ്ട്.

      തുടര്‍ന്നും വായിച്ച് താങ്കളുടെ വിലയേറിയ നിര്‍ദ്ദേശങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു...

      ഇല്ലാതാക്കൂ
    2. 'മുഖം' നോവലിന്‍റെ 2ആം അദ്ധ്യായം ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ?

      നോവല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: http://www.najeemudeenkp.blogspot.in/2012/05/2_09.html

      ഇല്ലാതാക്കൂ
  2. ആനുകാലികമായ ഇത്തരം ദുഷ്ചെയ്തികള്‍ക്കെതിരെ പ്രതികരിച്ചത്തിനു നന്ദി
    തുടര്‍ന്നും ഇത്തരം പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു


    settingsല്‍ പോയി word verification ഒഴിവാക്കൂ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സുഹൃത്തേ,

      'മുഖം' നോവലിന്‍റെ 2ആം അദ്ധ്യായം ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ?

      നോവല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: http://www.najeemudeenkp.blogspot.in/2012/05/2_09.html

      ഇല്ലാതാക്കൂ
  3. one of the best example.... follow this link

    https://www.facebook.com/photo.php?fbid=405055649527568&set=p.405055649527568&type=1&theater

    മറുപടിഇല്ലാതാക്കൂ