2012 ഏപ്രിൽ 22, ഞായറാഴ്‌ച

ഇനിയും വറ്റാത്ത നന്മയുടെ കണികകള്‍

കഴിഞ്ഞ ദിവസം പത്രത്തില്‍ വായിച്ചതാണ്.

ആലുവയിലാണ് സംഭവം. 

അയ്യപ്പന്‍ ഒരു പാവപ്പെട്ട കൂലിത്തൊഴിലാളിയാണ്. എല്ലാ മാസവും 250 രൂപക്ക് ലോട്ടറി ടിക്കറ്റ്‌ വാങ്ങുന്ന ശീലമുണ്ടായിരുന്നു അയാള്‍ക്ക്‌. അന്നും പതിവ് പോലെ അയാള്‍ ലോട്ടറി ടിക്കറ്റ്‌ വാങ്ങാന്‍ വേണ്ടി സുരേഷ് എന്ന ആളുടെ പെട്ടിക്കടയിലേക്കെത്തി. സുരേഷും ആയ്യപ്പനെപ്പോലെ ഒരു പാവപ്പെട്ട കുടുംബത്തിലെ അംഗമാണ്. 

അന്നൊരു വെള്ളിയാഴ്ചയായിരുന്നു . 

ശനിയാഴ്ച നറുക്കെടുക്കുന്ന കേരള സര്‍ക്കാരിന്‍റെ കാരുണ്യ ലോട്ടറിയുടെ ഒരേ നമ്പറിലുള്ള അഞ്ചു വ്യത്യസ്ത സീരിയല്‍ ടിക്കെറ്റുകളാണ് അയ്യപ്പന്‍ തെരഞ്ഞെടുത്തത്. ഒരു ടിക്കെറ്റിന്‍റെ വില 50 രൂപ. അപ്പോള്‍ 5 ടിക്കെറ്റിന് 250  രൂപ. 

ആ സമയത്ത് 250 രൂപ മുഴുവനായി തന്‍റെ കൈവശമില്ലാത്തതിനാല്‍ അയ്യപ്പന്‍ ആ ടിക്കെറ്റുകള്‍ സുരേഷിനെ തന്നെ ഏല്‍പിച്ച്‌ അടുത്ത ദിവസം കാശുമായി വന്നു ടിക്കറ്റ്‌ കൊണ്ട് പോയിക്കോളാമെന്ന് പറഞ്ഞ് തിരികെ പോയി. പക്ഷെ സുരേഷിനെ ഏല്‍പിച്ച ടിക്കെറ്റുകളുടെ നമ്പറോ സീരിയല്‍ നമ്പറോ അയ്യപ്പന് ഓര്‍മയുണ്ടായിരുന്നില്ല.

അടുത്ത ദിവസം നറുക്കെടുപ്പില്‍ അയ്യപ്പന്‍ വാങ്ങിയ ടിക്കെറ്റുകളില്‍ ഒന്നിനെയാണ് ഭാഗ്യം കടാക്ഷിച്ചത്.

ഇതറിയാതെ അയ്യപ്പന്‍ തലേന്ന് പറഞ്ഞു വെച്ചത് പ്രകാരം 250  രൂപ കൊടുത്തു ടിക്കറ്റുകള്‍ വാങ്ങാന്‍ വന്നു. അപ്പോള്‍ അയ്യപ്പന്‍ തെരഞ്ഞെടുത്തു വെച്ച 5 ടിക്കറ്റുകളില്‍ ഒന്നായ KJ 173777 ന് ഒരു കോടി രൂപ ഒന്നാം സമ്മാനം കിട്ടിയ വിവരമറിയിച്ചുകൊണ്ട് സുരേഷ് ആ ടിക്കറ്റ്‌ അയ്യപ്പനെ ഏല്പിച്ചു.

ഇനി പറയൂ സുഹൃത്തുക്കളെ.. നമ്മുടെ മണ്ണില്‍ നന്മയുടെ ഉറവകള്‍ മുഴുവനായി വറ്റിക്കഴിഞ്ഞോ?

ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്.

സുരേഷിന് വേണമെങ്കില്‍ അയ്യപ്പന്‍ തെരഞ്ഞെടുത്തു വെച്ച ടിക്കറ്റിനു സമ്മാനം കിട്ടിയ വിവരം ഒളിച്ചു വെച്ച് കൊണ്ട് ആ ഒരു കോടി രൂപ കൈക്കലാക്കാമായിരുന്നു. പക്ഷെ അയാള്‍ അത് ചെയ്തില്ല. വളരെ സത്യസന്ധമായി ആ 5 ടിക്കറ്റുകളും അയ്യപ്പനെ ഏല്‍പിച്ച്‌ അതിന്‍റെ വിലയായ 250  രൂപ മാത്രം കൈപ്പറ്റി...

ഇവനാണ് മനുഷ്യന്‍...

പ്രിയപ്പെട്ട സുരേഷ്, താങ്കള്‍ക്കെന്‍റെ  കൂപ്പുകൈ.

തമിഴരുടെ ഒരു നാടന്‍ ശൈലിയില്‍ പറഞ്ഞാല്‍...

സുരേഷിനെ പോലെ ചിലര്‍ ജീവിച്ചിരിക്കുന്നത്‌ കൊണ്ടാണ് നമ്മുടെ നാട്ടില്‍ ഇപ്പോഴും മഴ പെയ്യുന്നത്.

1 അഭിപ്രായം:

  1. പത്രങ്ങളിലൊക്കെ ഈ വാര്‍ത്ത വായിച്ച് സന്തോഷിച്ചിരുന്നു. ഇപ്പോള്‍ ഇവിടെ ഇത് വായിക്കുമ്പോഴും സന്തോഷം തോന്നുന്നു.

    മറുപടിഇല്ലാതാക്കൂ