2012 ഏപ്രിൽ 22, ഞായറാഴ്‌ച

ആ പഴയ നല്ല കാലത്തിലേക്ക് വീണ്ടും...


മലയാള സിനിമയ്ക്ക് ഒരു സുവര്‍ണകാലമുണ്ടായിരുന്നു.

ഭരതന്‍റെയും പദ്മരാജന്‍റെയും സിബിമലയിലിന്‍റെയുമെല്ലാം സിനിമകള്‍ സാധാരണ മനുഷ്യരുടെ ജീവിതത്തിന്‍റെ നേരര്‍ത്ഥങ്ങളെ തൊട്ടുഴിഞ്ഞ് തിരശ്ശീലയില്‍ തീക്കാറ്റായി ആളിപ്പടര്‍ന്ന് ലോക സിനിമയുടെ മൂര്‍ദ്ധാവില്‍ ജ്വലിച്ചു നിന്ന ഒരു സുവര്‍ണയുഗം. ജീവിതത്തിന്‍റെ കാതലും കാരവും കണ്ണീരുപ്പിന്‍റെ രുചിക്കൂട്ട് ചേര്‍ത്ത്, ശുദ്ധ നര്‍മത്തിന്‍റെ അജിനോമോട്ടോ തൂവി, പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ തിരശ്ശീലയുടെ തൂശനില നിവര്‍ത്തി വിളമ്പിയിരുന്ന ആ രുചികരമായ ദൃശ്യവിരുന്നുകളുടെ നാളുകള്‍...

ഇടയ്ക്കെപ്പോഴോ ആ വിരുന്നു വട്ടങ്ങള്‍ നമ്മില്‍ നിന്ന് അന്യം നിന്നു പോയി. പിന്നീടങ്ങോട്ട് മലയാള സിനിമയില്‍ പട്ടിണിയുടെയും വറുതിയുടെയും നാളുകളായിരുന്നു. സാമാന്യ പ്രേക്ഷകന്‍റെ ബുദ്ധിയെ ചോദ്യം ചെയ്യുന്ന, ജീവിതാനുഭവങ്ങളുടെ കഥയോ കാഴ്ചയോ ഇല്ലാത്ത കുറെ അര്‍ത്ഥജടിലമായ പടപ്പുകള്‍ അരങ്ങുവാണ ദുരിതമയമായ  ദിനങ്ങള്‍. താരജാടകളും, ഹാസ്യമെന്ന പേരിലുള്ള കുറെ കരി പുരണ്ട കോമാളിത്തരങ്ങളും, കുടുംബ പ്രേക്ഷകരെ അറപ്പിക്കുന്ന ദ്വയാര്‍ത്ഥ സംഭാഷണങ്ങളും, ആഭാസ നര്‍ത്തനങ്ങളും, കഥയുമായി പുലബന്ധം പോലുമില്ലാത്ത കുറെ ഗാനരംഗങ്ങളും കോരി നിറച്ച പുളിച്ചു നാറിയ തീന്‍പണ്ടങ്ങള്‍ നമ്മില്‍ അസഹ്യതയും അജീര്‍ണതയുമുണ്ടാക്കിയ കൈപ്പേറിയ ദിനങ്ങള്‍...

ആദ്യമൊക്കെ  വേറെ നിവൃത്തിയില്ലാതെ ഇത്തരം ചവറുകള്‍ക്കു പുറകെ പാഞ്ഞ മലയാള പ്രേക്ഷകര്‍ ക്രമേണ അവയ്ക്ക് അയിത്തം കല്പിക്കാന്‍ തുടങ്ങി. ഇതിനു വലിയൊരളവോളം വഴി വെച്ചത് തമിഴിലും ഹിന്ദിയിലും മറ്റും സിനിമയില്‍  ഈ അടുത്ത കാലത്തുണ്ടായ നവോത്ഥാനങ്ങളാണ്. താരപ്രഭയുടെ കെട്ടുകാഴ്ച്ചകളില്ലാതെ, മേനിപ്പുളപ്പിന്‍റെ രസക്കൂട്ടുകളില്ലാതെ, നിരര്‍ത്ഥകമായ വീരവാദങ്ങളില്ലാതെ പുറത്തിറങ്ങിയ ചില ലോ ബജറ്റ് ചിത്രങ്ങളുടെ അത്ഭുതകരമായ വിജയം ഈ ഭാഷകളില്‍ ചില പുതിയ മാറ്റത്തിന് വഴി മരുന്നിട്ടു. സുബ്രമന്യപുരം, അങ്ങാടിത്തെരു, പസങ്ക, മൈന, എങ്കേയും എപ്പോതും പോലുള്ള ചില സിനിമകള്‍ ഇതിനു ഉദാഹരണമാണ്.

ഇതിനെ പിന്‍പറ്റി (ആദ്യം ഒന്നറച്ചെങ്കിലും) മലയാള സിനിമയിലും ചില പുതിയ പരീക്ഷണങ്ങള്‍ക്ക് മുള പൊട്ടി. മന്ദഗതിയില്‍ ആണെങ്കില്‍ പോലും ഇത്തരം പരീക്ഷണങ്ങള്‍ വിജയം കണ്ടുതുടങ്ങി എന്നത് തികച്ചും സ്വാഗതാര്‍ഹമായ ഒരു കാര്യമാണ്. ഈയിടെ പുറത്തിറങ്ങിയ ട്രാഫിക്‌, പ്രാഞ്ചിയേട്ടന്‍, ഇന്ത്യന്‍ റുപീ, സോള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍, ഈ അടുത്ത കാലത്ത്, ആദാമിന്‍റെ മകന്‍ അബു, ബ്യൂട്ടിഫുള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് കിട്ടിയ സ്വീകാര്യത ഇതിന് അടിവരയിടുന്നു. സാമ്പത്തികമായി വിജയിച്ചില്ലെങ്കിലും മേല്‍വിലാസം, നിദ്ര, ആത്മകഥ തുടങ്ങിയ സിനിമകളും പ്രേക്ഷക ശ്രദ്ധ നേടി.

എന്നാല്‍ കൊട്ടിഘോഷിപ്പുകളോടെ എഴുന്നള്ളിയ പല താര വീരേതിഹാസങ്ങളും മൂക്കുകുത്തി വീഴുകയും ചെയ്തു. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന് ലേബലൊട്ടിച്ചിറക്കിയിട്ടുപോലും പല സൂപ്പര്‍ താര പടക്കൊപ്പുകള്‍ക്കും തോറ്റോടേണ്ടി വന്നു. തങ്ങളെക്കൊണ്ട് ഒറ്റയ്ക്ക് കൂട്ടിയാല്‍ കൂടില്ലെന്നു തോന്നിയതുകൊണ്ടാകാം പല താര സിംഹങ്ങളും തോളോട് തോള്‍ ചേര്‍ന്ന് പയറ്റിനിറങ്ങിയത്. എന്നിട്ടും രക്ഷയില്ല... മലയാള സിനിമയില്‍ താരധിപത്യത്തിന്‍റെ യുഗം അവസാനിച്ചു എന്ന് തന്നെ സംശയലേശമെന്യേ വിധിയെഴുതാം. ഒടുവില്‍ പുറത്തിറങ്ങിയ 'കോബ്ര' ഇതിനെ അരക്കിട്ടുറപ്പിക്കുന്നു.

എന്തായാലും ഒരു കാര്യം ഉറപ്പാണ്. മലയാള സിനിമ ആ പഴയ സുവര്‍ണ കാലത്തിലേക്ക് ശക്തമായ ഒരു തിരിച്ചു വരവിനൊരുങ്ങുകയാണ്.

ഈ വിഷുവിനിറങ്ങിയ '22 Female Kottayam' എന്ന സിനിമ ഈ മാറ്റത്തിലെക്കുള്ള വ്യക്തമായ ഒരു ദിശാസൂചിയാണ്. വമ്പന്‍ താരനിരയില്ലാതെ, പണചെലവിന്‍റെ കെട്ടുകണക്കുകളില്ലാതെ തികച്ചും സാധാരണമായ രീതിയില്‍ പുറത്ത് വന്ന ഒരു മിഴിവാര്‍ന്ന ചിത്രം. സോള്‍ട്ട് ആന്‍ഡ്‌ പെപ്പെറിനു ശേഷം സംവിധായകന്‍ ആഷിഖ് അബുവിന്‍റെ തൊപ്പിയില്‍ ഇതാ ഒരു പൊന്‍തൂവല്‍ കൂടി....

താനൊരു കന്യകയല്ല എന്ന് നായകനോട് പറയുന്ന നായികയെ നാം ഇതിന് മുമ്പ് ഏതെങ്കിലും സിനിമയില്‍ കണ്ടിട്ടുണ്ടോ? പുരുഷന്മാരുടെ പിന്‍ഭാഗം നോക്കി കൂട്ടുകാരിയോട് 'Big Ass' എന്ന് പറയുന്ന പെണ്‍കുട്ടികളെ പറ്റി നാം കേട്ടിട്ടുണ്ടോ? (അതിനു നായകന്‍ കൊടുക്കുന്ന മറുപടി ഉഗ്രന്‍). നായകന്‍ മദ്യപിച്ചു പൂസായി  വീണിട്ടും ഒരു ഭാവ വ്യത്യാസവുമില്ലാതെ കൂളായി ഇരുന്നു മദ്യപിക്കുന്ന നായികയെ നിങ്ങള്‍ അറിയുമോ? ഉണ്ടാകാന്‍ വഴിയില്ല... എന്ന് വെച്ച് ഇതെല്ലാം നാട്ടില്‍ സംഭവിക്കാത്തതാണോ?

തീര്‍ച്ചയായും സംഭവിക്കുന്നുണ്ട്.

ഈ സിനിമയില്‍ കാണുന്ന പലതും വര്‍ത്തമാനകാലത്തിന്‍റെ നേര്‍ക്കാഴ്ചകളാണ്. ചിലപ്പോള്‍ ചിരിയുണര്‍ത്തുകയും, ചിലപ്പോള്‍ ആശ്ച്ചര്യപ്പെടുത്തുകയും, മറ്റു ചില വേളകളില്‍ നമ്മുടെ ഞരമ്പുകളിലൂടെ വിഭ്രമാത്മകമായ വിറ പടര്‍ത്തുകയും ചെയ്യുന്ന ആധുനിക യുഗത്തിന്‍റെ പ്രവചനാതീതമായ നഗ്നയാഥാര്‍ത്യങ്ങള്‍..

ഈ സിനിമയെ കുറിച്ച് നമുക്ക് വിശദമായി ചര്‍ച്ച ചെയ്യണം. പക്ഷെ ഇപ്പോഴല്ല. ഈ സിനിമ കാണാത്തവരുണ്ടെങ്കില്‍ ഏറ്റവും അടുത്ത ഷോവിനു തന്നെ കാണൂ.. എന്നിട്ടാകാം ബാക്കി ചര്‍ച്ച. ഇപ്പോള്‍ ഇതിന്‍റെ കഥാവിഷയത്തെക്കുറിച്ച്‌ കൂടുതലെന്തെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ക്ക് സിനിമ കാണുമ്പോഴുള്ള സ്വാരസ്യം നഷ്ടപ്പെടും.. അത് സംഭവിക്കരുത്..

ഇത്തരം നല്ല പരിശ്രമങ്ങളെ വിജയിപ്പിക്കെണ്ടതും പ്രോല്‍സാഹിപ്പിക്കെണ്ടതും ഈ കാലഘട്ടത്തിന്‍റെ ആവശ്യമാണ്‌. ബസ്സിലും ട്രെയിനിലും ഫ്ലൈറ്റിലും എന്തിന് സ്വന്തം കുളിമുറിയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ പോലും സ്ത്രീത്വം വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കാലത്ത് ഇതിലെ നായിക നടപ്പിലാക്കുന്ന ശിക്ഷാവിധി ഒട്ടും തന്നെ പൈശാചികമല്ല. അത് തീര്‍ത്തും അനിവാര്യമാണ്. ക്ഷമയുടെ മറുകര കണ്ട് സടകുടഞ്ഞു നിവരുന്ന സ്ത്രീശക്തിക്ക് മുന്നില്‍ ഒരിക്കല്‍ കാമവെറി പൂണ്ട പുരുഷത്വം ശണ്‍ഡീകരിക്കപ്പെടുക തന്നെ ചെയ്യും. അത് ദൈവത്തിന്‍റെ വിധിയാണ്...

ഒരു മുന്നറിയിപ്പുണ്ട്. പടം കാണുന്നതിനിടയ്ക്കു  കഥ അല്‍പ്പമൊന്നു ഇഴഞ്ഞാലോ ബോറടിച്ചാലോ ഈയുള്ളവനെ ശപിച്ചേക്കരുത്. ക്ഷമയോടെ കാത്തിരിക്കുക. ഒരു കിടിലന്‍ ക്ലൈമാക്സ്‌ നിങ്ങളെ കാത്തിരിക്കുന്നുണ്ട്.  ഒരു പക്ഷെ മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ചങ്കുറപ്പുള്ള ക്ലൈമാക്സ്‌...

കണ്ടു കഴിഞ്ഞാല്‍ സമയമനുവദിക്കുമെങ്കില്‍  ഈ പോസ്റ്റില്‍ comment ചെയ്യൂ. ഈ സിനിമയുടെ പ്രസക്തിയെക്കുറിച്ചു നമുക്ക് ചര്‍ച്ച ചെയ്യാം.

Until  then.... Bye ....

6 അഭിപ്രായങ്ങൾ:

  1. എഴുത്ത് നന്നായിരിക്കുന്നു.
    ജാലകം, ചിന്ത തുടങ്ങിയ അഗ്രിഗേറ്ററുകളില്‍ ഒന്നും ആഡ് ചെയ്തിരുന്നില്ലേ?
    (ഈ വേഡ് വെരിഫിക്കേഷന്‍ ഒന്ന് എടുത്തുകളഞ്ഞാല്‍ നനായിരിക്കും)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Jalakam, chintha? I don't understand. Can you guide me please?

      ഇല്ലാതാക്കൂ
    2. കൂടുതല്‍ അറിയാന്‍ താഴെയുള്ള ലിങ്കില്‍ പോയാല്‍ മതി.
      http://bloghelpline.cyberjalakam.com/2010/03/blog-post.html

      ഇല്ലാതാക്കൂ
    3. സുഹൃത്തേ,

      'മുഖം' നോവലിന്‍റെ 2ആം അദ്ധ്യായം ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ?

      നോവല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: http://www.najeemudeenkp.blogspot.in/2012/05/2_09.html

      ഇല്ലാതാക്കൂ
  2. താങ്കൾ പറഞ്ഞതു പോലെ ആദാമിന്റെ മകൻ അബു നല്ല ഒരു സിനിമയാണ്‌ പക്ഷെ അതോടെ നമുക്ക് ഒരു നടനെ നഷ്ടപ്പെട്ടു...അയാൾക്ക് പിന്നെ വീശുവാൻ സ്വർണ്ണ ചാമരം വേണം..അർദ്ധരാത്രിക്ക് കൂളിംഗ് ഗ്ളാസ്സു വേണം കുടവേണം... കണ്ണൊന്നു മിഴിക്കണമെങ്കിൽ സ്വർണ്ണത്തിന്റെ മയിൽ പീലി വേണം..ഇരിക്കുവാൻ വജ്ര കസേര വേണം... തമ്മിൽ ഭേദം തൊമ്മൻ തന്നെ.. അവർ വർഷങ്ങളായി അഭിനയിച്ച് സുവർണ്ണ ഓർമ്മകൾ സമ്മാനിച്ചതും നമ്മൾക്ക് മറക്കാതിരിക്കാം....നന്നായി എഴുതി.. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  3. ഇങ്ങനെ വല്ലപ്പോഴും ഒരു നല്ല സിനിമ ( ഞാന്‍ കണ്ടില്ല. ക്ലൈമാക്സ്‌ സാധാരണ സിനിമ പോലെ ആയെന്നു പറയുന്നത് കേട്ട്.) ഇറങ്ങി എന്ന് വച്ച് മലയാളം സിനിമ നാന്നാകാന്‍ പോകുന്നില്ല. സിനിമയെ കാശുണ്ടാക്കാന്‍ ഉള്ള ഒരു ഉപാധി ആയി ക്കാണാത്ത സര്‍ഗ ധനന്മാര്‍ വരുമ്പോഴേ മലയാള സിനിമ രെക്ഷപ്പെടുകയുള്ളൂ. ഇങ്ങിനെ ചില സ്പാര്‍ക്ക് കള്‍ ഉണ്ടാകട്ടെ. നമുക്ക് കാത്തിരിക്കാം.

    മറുപടിഇല്ലാതാക്കൂ